Thursday, June 26, 2008

ബൂലോകം - ജനാധിപത്യ ഇന്ത്യയുടെ മറ്റൊരു പതിപ്പ്

സജിയുടെ പോസ്റ്റ് വന്നിട്ട് ഇന്നേക്ക് ഒരു മാസം തികഞ്ഞു. ആരൊക്കെ കേരള്‍സിന് എതിരേ കേസ് കൊടുത്തു? ആരും ഒന്നും പറഞ്ഞ് കേട്ടില്ല. എന്തൊക്കെ ബഹളമായിരുന്നു. കരിവാരം നടത്തിയിട്ട് എന്തു നേടി? പ്രതിഷേധം ആരൊക്കെ അറിഞ്ഞു? ബ്ലോഗ് എഴുതുന്നവരും വായിക്കുന്നവരുമായ കുറേ ആളുകള്‍. ചില വെബ് പോര്‍ട്ടലുകളില്‍ വാര്‍ത്ത വന്നു എന്ന് പറയുന്നതാണോ വിജയം? കേരള്‍സിന്റെ പരസ്യം പോയി എന്ന് പറഞ്ഞവര്‍ ആ സൈറ്റ് പിന്നീട് കണ്ടോ? അവിടെ പരസ്യങ്ങള്‍ പഴയതു പോലെ തന്നെ ഉണ്ട്.

കേസ് കൊടുത്തു എന്നൊക്കെ പറഞ്ഞിരുന്ന ഇഞ്ചിപ്പെണ്ണ് ആ കന്യാസ്ത്രീയുടെ പുറകെ പോയി. ഇപ്പോള്‍ കേസിനെ പറ്റി ചൊദിച്ചാല്‍ "പോ മോനെ പ്രതിഷേധ പൊസ്റ്റ് ഇട്ടയാളാണെങ്കില്‍ മറുപടി പറയാം " എന്നാവും മറുപടി. പഴയ അനുഭവം വച്ച് അതറിയാവുന്നത് കൊണ്ട് ആ ചോദ്യം ചോദിക്കുന്നില്ല.

കരി തേച്ച ബ്ലോഗുകള്‍ എല്ലാം വീണ്ടും വെളുത്തു. രാത്രി മാറി പകല്‍ എത്തി. കേസ് കൊടുത്തു എന്ന് പറഞ്ഞ് നിര്‍ത്തിയ ഇഞ്ചിപ്പെണ്ണ് അതിന്റെ ഇപ്പോഴത്തെ അവസ്ഥ എന്തായി എന്ന് ഒരു ക്ലൂ തന്നാല്‍ ഉപകാരമായി. വിശദമായി പറയണം എന്ന് പറയുന്നില്ല. കാരണം "അമേരിക്കന്‍ പോലീസ്" അന്വേഷിക്കുന്ന കേസ് അല്ലേ? വിവരങ്ങള്‍ വെളിയില്‍ പറയണ്ട.

പ്രതിഷേധിച്ചവരുടെ ലിസ്റ്റ് ഉണ്ടാക്കാനും പ്രതിഷേധിക്കാത്തവരെ ചീത്ത വിളിക്കാനും ചിലര്‍ക്കൊക്കെ എന്തൊരു ചടുലത ആയിരുന്നു? നന്ദുവിന്റേയും, അന്യന്റേയും, ബെര്‍ളിയുടേയും (1) , (2) പോസ്റ്റുകള്‍ നോക്കിയാല്‍ അറിയാം. എന്നിട്ട്, ഒരു മാസം തികഞ്ഞിട്ടും ഒരു അനക്കവും കാണുന്നില്ലല്ലോ. അതില്‍ ഇവര്‍ക്കൊന്നും ഒന്നും പറയാന്‍ ഇല്ലേ? ഇഞ്ചിപ്പെണ്ണ് വീണ്ടും ഗോള്‍ അടിച്ചു .. അത്ര തന്നെ. അടുത്ത വര്‍ഷം ഒരു വാര്‍ഷിക പോസ്റ്റിനും കൂടെ വകയായി. "കരിവാര വാര്‍ഷിക പോസ്റ്റ്."

ഞാന്‍ അത് ചെയ്തു നിങ്ങള്‍ എന്തേ ചെയ്തില്ല എന്ന് ചൊദിക്കുന്നവരും തങ്ങള്‍ ചെയ്തത് സമരത്തിന്റെ ഒരു ആധുനിക മുഖം ആണെന്നും ഒക്കെ പറയുന്നവര്‍ തന്നെ "ബ്ലോഗില്‍ വ്യക്തികള്‍ ഇല്ല, ബന്ധങ്ങള്‍ ഇല്ല, പേരില്ല, നാടില്ല, ബ്ലോഗ് ഒരു പ്രതീകം മാത്രമാണ്" എന്നൊക്കെ പലയിടത്തും പറയുന്നത് കേട്ടിട്ടുണ്ട്.

കരിവാരത്തില്‍ പങ്കെടുത്ത ബൂലോകത്തിലെ 'കൊച്ചു കുട്ടികളെ' അതിന്റെ പരിണിത ഫലം എന്തെന്ന് അറിയിക്കാന്‍ ഇതിന്റെ പുറകില്‍ ഉള്ളവര്‍ക്കും വലിയവര്‍ക്കും ബാധ്യത ഇല്ലേ.. അതോ 'എല്ലാവരും കറുപ്പിച്ചു, ഞാനും കറുപ്പിച്ചു' എന്ന പോലെ ഒരു ഫാഷന്‍ പരേഡ് ആയിരുന്നോ കഴിഞ്ഞ കരിവാരം? കറുപ്പിച്ചവര്‍ ചോദിക്കേണ്ട ചോദ്യങ്ങള്‍ ആണ് ഞാന്‍ മുകളില്‍ ചോദിച്ചത്. അല്ലെങ്കിലും എന്തറിഞ്ഞിട്ടാ ജനാധിപത്യത്തില്‍ "അണികള്‍" കീ..ജെയ് വിളിക്കുന്നത് അല്ലേ? രണ്ടോ മൂന്നോ പേര്‍ വിചാരിച്ചാല്‍ ബന്ദ് നടത്താന്‍ പറ്റും ..പിന്നല്ലേ ഒരു കരിവാരം. ബൂലോകവും അങ്ങനെ ജനാധിപത്യ ഇന്ത്യയുടെ മറ്റൊരു പതിപ്പ് ആയി മാറി.


ബ്ലൊഗര്‍മാര്‍ പ്രതിഷേധമറിയിച്ചപ്പോള്‍ തങ്ങളുടെ മലയാളം സെക്ഷന്‍ അടച്ച് വച്ച കേരള്‍സ് ആണ് മാന്യത കാണിച്ചത് എന്ന് തോന്നുന്നു. കാരണം "ആരും" ഒരു ലീഗല്‍ നോട്ടീസ് പോലും അവര്‍ക്ക് അയച്ചു എന്ന് എനിക്ക് തോന്നുന്നില്ല. എന്നിട്ടും അവര്‍ അത് അടച്ചില്ലേ? ഇപ്പോഴും കേരള്‍സ് ചെയ്തതിനെയും ബ്ലോഗറെ ചീത്ത വിളിച്ചതിനെയും ഞാന്‍ എതിര്‍ക്കുന്നു. അവരെ ഞാന്‍ ഒരു കാലത്തും സപ്പോര്‍ട്ട് ചെയ്യുകയില്ല. ഈ പോസ്റ്റ് ബൂലോകത്തെ പറ്റിയും പ്രതിഷേധ സമരത്തെ പറ്റിയും മാത്രമാണ് പ്രതിപാദിക്കുന്നത് .

സൂര്യഗായത്രിയുടെ വൈകിയുള്ള ഈ പ്രതിഷേധകുറിപ്പ് എനിക്ക് ഇങ്ങനെ ഒരു പോസ്റ്റ് ഇടാന്‍ കാരണമായി. നന്ദി

Thursday, June 19, 2008

ബര്‍ദ്ദാന്റെ പ്രസംഗം .. ചൈനക്ക് വേണ്ടിയോ ?

ബര്‍ദാന്റെ പ്രസംഗത്തെ പറ്റിയുള്ള നകുലന്റെ പോസ്റ്റില്‍ (ചൈനയ്ക്കു ചുറ്റും ഹരികൃഷ്ണന്മാര്‍ )പറഞ്ഞ കമന്റ്. ചൈനയുമായി തര്‍ക്കം പാടില്ല എന്ന് ബര്‍ദ്ദാന്‍ പറഞ്ഞതിനെ "രാജ്യതാല്പര്യത്തിനെതിരായി ചൈനക്ക് വേണ്ടി വാദിക്കുന്നു " എന്നാണ് നകുലന്‍ പറയുന്നത്. എന്തോ എനിക്ക് അതിനോട് യോജിക്കാന്‍ കഴിയുന്നില്ല. ഇന്നത്തെ കമ്യൂണിസ്റ്റുകാര്‍ക്ക് പണ്ടത്തെ പോലെ ചൈന ഭക്തിയോ, റഷ്യാ ഭക്തിയോ ഉണ്ടെന്ന് ഞാന്‍ വിശ്വസിക്കുന്നില്ല.

::::::: x ::::::: ::::::: x ::::::: ::::::: x ::::::: ::::::: x ::::::: ::::::: x :::::::

പരിഹാസ്യനായത് താങ്കളുടെ മുന്നില്‍ അല്ലേ നകുലന്‍‌ജി, കുഴപ്പമില്ല. കാരണം താങ്കളുടെ എഴുത്ത് എനിക്കിഷ്ടമാണ് എന്നത് തന്നെ. പക്ഷേ വിഷയം രാഷ്ട്റീയമായതു കൊണ്ട് അഭിപ്രായം പറയാറില്ല എന്ന് മാത്രം, കാരണം രാഷ്ട്രീയക്കാര്‍ എല്ലാം തന്നെ (Note that രാഷ്ട്റീയക്കാര്‍ not രാഷ്ട്രീയം) വെറും നാറിയവര്‍ ആയി മാറിക്കൊണ്ടിരിക്കുന്നതിനാല്‍ അഭിപ്രായം ഇല്ല. അത് കംറ്റൂണിസ്റ്റ് ആണെങ്കിലും, സംഘം ആണെങ്കിലും, കോണ്‍ഗ്രസ് ആണെങ്കിലും. തീര്‍ച്ചയായും ഇടത് പക്ഷ ചായ്വ് ഉള്ളവന്‍ തന്നെയാണ് (ആയിരുന്നു എന്ന് വായിക്കാം.) ഞാനും. പക്ഷേ അന്ധമായ ഒരു ചായ്വും ഇല്ല,, കേരളത്തില്‍ തമ്മില്‍ ഭേദം ഇടത് പക്ഷം തന്നെ എന്ന് ഇപ്പോഴും വിശ്വസിക്കുന്നവന്‍,.

പലതിലും താങ്കളെ എതിര്‍ത്ത് കമന്റ് ഇടാഞ്ഞത് പറയുന്നതില്‍ കുറച്ചൊക്കെ വാസ്തവം ഉള്ളത് കൊണ്ടാണ്. പക്ഷേ ഇവ്വിടുത്തെ പ്രശ്നങ്ങളെ എല്ലാം വിട്ട്, രാജ്യതാല്പര്യം എന്ന് പറഞ്ഞ് എഴുതിയ ഈ ലേഖനം എനിക്ക് അത്ര ഇഷ്ടമായില്ല.. കാരണം ഇതില്‍ ഇത്തിരി കാര്യം ഉണ്ടായിരുന്നു എങ്കിലും ബാക്കിയെല്ലാം BJP ഉണ്ടാക്കിയെടുത്ത ആന്തരികാര്‍ത്ഥങ്ങള്‍ ആയിരുന്നു.

ആണവ കരാറിനെ എതിര്‍ക്കുന്നു എന്ന് തന്നെ "അടിവര ഇട്ട് പറയുന്ന" ഇടതു പക്ഷം പറയുന്നത് തെറ്റാണോ നകുലന്‍‌ജി.. ഐക്യരാഷ്ട്ര സഭയിലേക്കുള്ള പ്രവേശനത്തിന് (സ്ഥിരാഗത്വം) ചൈനയുടെ പിന്തുണ ഒരു പരിധി വരെ ഉറപ്പാണ് എന്നാണ് ഞാന്‍ മനസ്സിലാക്കിയിട്ടുള്ളത്. അതില്ലാതാക്കാന്‍ നമ്മളായിട്ട് മുന്‍‌കൈ എടുക്കണോ? അതൊക്കെയാവും ചൈനയുമായി തര്‍ക്കങ്ങള്‍ ഒന്നും വേണ്ട എന്നത് കൊണ്ട് ബര്‍ദ്ദാന്‍ ഉദ്ദേശിച്ചത് എന്ന് ഞാന്‍ പറഞ്ഞാല്‍....

അതിര്‍ത്തി പ്രശ്നം മറന്നിട്ടല്ല പറയുന്നത്. ഇതു വരെയും അവര്‍ അവകാശവാദം ഉന്നയിക്കുന്നതല്ലാതെ ഈ ഗവണ്മെന്റിന്റെ കാലത്ത് പുതിയതായി പിടിച്ചെടുത്തു എന്ന് പറയുന്ന ഇടങ്ങള്‍ ഏതൊക്കെയാണ്? അങ്ങനെയുള്ള സ്ഥലങ്ങളില്‍ നമ്മുടെ പട്ടാളം ഒന്നും ചെയ്തില്ലേ? ഇല്ലെങ്കില്‍ അത് കമ്യൂണിസ്റ്റുകളുടെ ഇടപെടല്‍ കൊണ്ടാണ് എന്ന് താങ്കള്‍ കരുതുന്നുവോ? (1962- ഒന്നും ഈ കാര്യത്തില്‍ ഇപ്പോള്‍ എനിക്ക് താല്പര്യമില്ല. കാരണം ബര്‍ദ്ദാന്റെ പ്രസംഗം ആണ് പ്രതിപാദ്യ വിഷയം.).

അങ്ങനെ ആണെങ്കില്‍ ഇതിന് മുമ്പ് NDA സര്‍ക്കാരിന്റെ കാലത്ത് എന്തു കൊണ്ട് ചൈനയെ വരച്ച വരയില്‍ നിര്‍ത്തിയില്ല? 2002ലും 2003ലും വാജ്‌പേയി ചൈനാ പ്രധാനമന്ത്രിയെ കണ്ടിരുന്നു. എന്നിട്ട് ഈ അധിനിവേശത്തിനെതിരെ മയമുള്ള ഭാഷയില്‍ എന്തോ പറഞ്ഞതല്ലാതെ വ്യക്തമായി ഒന്നും പറഞ്ഞതായി ഓര്‍ക്കുന്നില്ല. അത് ചൈനയോടുള്‍ള്ള കൂറു കൊണ്ടാണ് എന്നാരും പറയുന്നില്ലല്ലോ. അന്നും "പഞ്ചശീല തത്വങ്ങള്‍ക്ക് അധിഷ്ടിതമായിരുന്നു" ചര്‍ച്ച എന്ന് തോന്നുന്നു. ഇവീടെ എഴുതിയിരുന്നത് അതാണ്.

അതു വച്ച് നോക്കുമ്പോള്‍ ബര്‍ദ്ദാന്‍ പറഞ്ഞതും ഒരു വലിയ അപരാധമോ രാജ്യ ദ്രോഹ കുറ്റമോ ആയി ഞാന്‍ കാണുന്നില്ല. ചൈനയുമായല്ല, ഒരു അയല്‍ക്കാരുമായും ഒരു യുദ്ധത്തിന് ആഹ്വാനം ചെയ്യുന്നത് അത്ര നല്ല കാര്യം ഒന്നുമല്ല. അപ്പോള്‍ ഒരു തര്‍ക്കം വേണ്ട എന്നത് ഒരു മിതഭാഷിയുടെ ശബ്ദം അല്ലേ? ഇനി ഒരു യുദ്ധം അല്ലെങ്കില്‍ ഒരു ആക്രമണം ഉണ്ടായാല്‍ ഇങ്ങ് കേരളം വരെ ചൈനാക്കാര്‍ വന്നാലും കമ്യൂണിസ്റ്റുകാര്‍ മിണ്ടാതെയിരിക്കും എന്ന് പറയുന്നത് ഒരു ബാലിശമായ മുന്‍‌വിധി അല്ലേ നകുലല്‍‌ജി. ഇന്ത്യയിലെ കമ്യൂണിസ്റ്റ് എന്നത് വെറുമൊരു രാഷ്ട്രീയ പാര്‍ട്ടി ആണെന്ന് മാത്രം കരുതുക. പഴയ കാല നേതാക്കള്‍ ഒഴികെ ആരും അന്ധമായ ചൈനാ ആരാധകര്‍ അല്ല എന്നും മനസ്സിലാക്കുക. (ചൈന എന്നത് ഡ്യൂപ്ലികേറ്റ് സാധനങ്ങള്‍ ഉണ്ടാക്കുന്ന ഒരു വലിയ രാജ്യമാണ് ഇന്ന് പലരുടെയും മനസ്സില്‍).

ഇതൊക്കെ കൊണ്ടാണ് "ഇതില്‍ ഇത്തിരി കാര്യം ഉണ്ടായിരുന്നു എങ്കിലും ബാക്കിയെല്ലാം BJP ഉണ്ടാക്കിയെടുത്ത ആന്തരികാര്‍ത്ഥങ്ങള്‍ ആയിരുന്നു. " എന്ന് ഞാന്‍ മുകളില്‍ പറഞ്ഞത്.

Sunday, June 15, 2008

മറുമൊഴിക്കാരേ ..എന്തു പറ്റി?

മറുമൊഴിക്കാരേ ..എന്തു പറ്റി? ഏഴു സെര്‍‌വര്‍‍ വച്ചിട്ടും ഇപ്പോള്‍ ഈയിടെയായി കമന്റുകള്‍ ഒന്നും അപ്ഡേറ്റ് ആകുന്നില്ല. വരുമ്പോള്‍ മുപ്പത് വീതമുള്ള കെട്ടായിട്ടാണല്ലോ വരുന്നത്. റീറ്റൈല്‍ നിര്‍ത്തി ഹോള്‍ സെയില്‍ ആക്കിയോ?

ഞാന്‍ ആണെങ്കില്‍ കമന്റ് നോക്കിയാണ് പോസ്റ്റില്‍ പിന്നെയും പിന്നെയും പോകുന്നത്. പോസ്റ്റിനേക്കാള്‍ ഏറെ കമന്റിനെ ഇഷ്ടപ്പെടുന്നവനാണ് ഞാന്‍. അങ്ങനെയുള്ള എന്നെ ഇങ്ങനെ പറ്റിക്കണോ? കമന്റുകള്‍ ആണ് ബ്ലോഗിനെ ബ്ലോഗ് ആക്കുന്നത്. എല്ലാ ബ്ലോഗുകളും കമന്റ് ഓപ്ഷന്‍ മറുമൊഴി ആക്കിയതാണൊ പ്രശ്നം? അങ്ങനെ ആണെങ്കില്‍ ഒരു പുതിയ മൊഴി കൂടി ആരംഭിക്കാന്‍ സമയമായി എന്നു തോന്നുന്നു. രണ്ടിലും മാറി മാറി നോക്കാമല്ലോ. അങ്ങനെയും ആരെങ്കിലും ചിന്തിക്കൂ.. എനിക്ക് ഇതൊന്നും അറിയില്ല. അതു കൊണ്ടാ ചോദിക്കുന്നെ..

ഒരു ബ്ലോഗറുടെ ബ്ലോഗ് ലോകത്തിന്റെ അന്ത്യം

ശ്രീ 'സുകുമാരന്‍ അഞ്ചരക്കണ്ടി' ഞാന്‍ ഇടക്ക് വായിച്ചിരുന്ന, കമന്റുകളില്‍ കൂടി ആശയങ്ങള്‍ പങ്കിട്ടിരുന്ന ഒരു വ്യക്തി ആയിരുന്നു. അദ്ദേഹത്തിന്റെ ബ്ലോഗ് ജീവിതം ഇങ്ങനെ അവസാനിച്ചതില്‍ ഒരു നേരിയ വിഷമം ഉണ്ട്. (ഇത് ബ്ലോഗല്ല ; ഞാന്‍ ബ്ലോഗറുമല്ല ! )

പലര്‍ക്കും പലതിലും ആശയങ്ങളില്‍ വൈരുദ്ധ്യങ്ങള്‍ കാണും. അദ്ദേഹത്തിന്റെ മനസ്സിലുള്ളത് തുറന്ന് പറഞ്ഞ അദ്ദേഹത്തെ കുറെ പേര്‍ ചേര്‍ന്ന് ചീത്ത പറഞ്ഞു എന്നാണ് എനിക്ക് മനസ്സിലാകുന്നത്. ഇഷ്ടമില്ലെങ്കില്‍ മിണ്ടാതെ കടന്നു പോകാന്‍ എല്ലാവര്‍ക്കും സ്വാതന്ത്ര്യം ഉണ്ട്. പക്ഷേ ഇവിടെ അങ്ങനെ സംഭവിച്ചില്ല എന്ന് തോന്നുന്നു. അദ്ദേഹത്തെ മറ്റൊരു ഹരികുമാര്‍ ആക്കാന്‍ ആയിരുന്നു എല്ലാവര്‍ക്കും ആവേശം.

അഭിപ്രായ സ്വാതന്ത്ര്യത്തെ കുറിച്ച് പറയുമ്പോള്‍ തന്നെ, അതിന് കൂച്ച് വിലങ്ങ് ഇടാനും ശ്രമിക്കുന്നവര്‍ ധാരാളം. പ്രകോപനപമായിരുന്നെങ്കില്‍ കൂടി അദ്ദേഹത്തിന്റെ അഭിപ്രായങ്ങള്‍ക്ക് മറുപടി കൊടുക്കാതെ ഒഴിഞ്ഞു മാറാമായിരുന്നു. അതും ഒരു പ്രതിഷേധം ആണല്ലോ. പക്ഷേ പല ചെറുപ്പക്കാര്‍ക്കും പ്രായമായവരെ കളിയാക്കുന്നത് ഒരു രസമുള്ള കാര്യമാണ് എന്നത് വിസ്മരിക്കുന്നില്ല. പ്രായമായി എന്നത് കൊണ്ട് ഒരു ജനറേഷന്‍ ഗ്യാപ്പ് കാണും എന്നത് നേര്. പക്ഷേ അങ്ങനെ ഒഴിവാക്കേണ്ടവര്‍ ആണോ മുതിര്‍ന്ന തലമുറ എന്ന് ഒരിക്കല്‍ കൂടി ആലോചിക്കുന്നത് നന്നായിരിക്കും.

ഇനി സുകുമാരന്‍ മാഷിനോട്,
സുകുമാരേട്ടാ ബ്ലോഗുമായുള്ള ബന്ധം ഇങ്ങനെ ഉപേക്ഷിക്കേണ്ടിയിരുന്നില്ല. പലരും താങ്കളുടെ മക്കളുടെ പ്രായം ഉള്ളവര്‍ ആണ്. ആശയപരമായി പല ധ്രുവങ്ങളില്‍ നില്‍ക്കുന്നവര്‍. അവരെ ചില കാര്യങ്ങളില്‍ നിര്‍ബന്ധിക്കുന്നത് എപ്പോഴും ഫലം കണ്ടു എന്ന് വരില്ല. അനൊണികള്‍ ആയി ഇരിക്കുന്നവര്‍ അങ്ങനെ ഇരിക്കട്ടെ. അവരോട് ആശയപരമായി യോജിക്കാവുന്നിടത്ത് യോജിക്കുക, അല്ലെങ്കില്‍ പ്രതികരിക്കേണ്ട എന്ന് വയ്ക്കുക. എല്ലാ കാര്യങ്ങളിലും ആരും അഭിപ്രായം പറയാറില്ലല്ലോ.

പ്രിയ ബ്ലോഗേഴ്സ്

ഇങ്ങനെ മുതിര്‍ന്ന തലമുറയില്‍ ഉള്ളവരെ പിണക്കി അയക്കുന്നത് അഭിലഷണീയം ആണോ? അവര്‍ക്ക് പറയാനുള്ളതും പറയട്ടെ. ഇഷ്ടമായില്ലെങ്കില്‍ മിണ്ടാതെ ഇരുന്നാല്‍ പോരെ? .. എന്തു പറയുന്നു.