Thursday, June 26, 2008

ബൂലോകം - ജനാധിപത്യ ഇന്ത്യയുടെ മറ്റൊരു പതിപ്പ്

സജിയുടെ പോസ്റ്റ് വന്നിട്ട് ഇന്നേക്ക് ഒരു മാസം തികഞ്ഞു. ആരൊക്കെ കേരള്‍സിന് എതിരേ കേസ് കൊടുത്തു? ആരും ഒന്നും പറഞ്ഞ് കേട്ടില്ല. എന്തൊക്കെ ബഹളമായിരുന്നു. കരിവാരം നടത്തിയിട്ട് എന്തു നേടി? പ്രതിഷേധം ആരൊക്കെ അറിഞ്ഞു? ബ്ലോഗ് എഴുതുന്നവരും വായിക്കുന്നവരുമായ കുറേ ആളുകള്‍. ചില വെബ് പോര്‍ട്ടലുകളില്‍ വാര്‍ത്ത വന്നു എന്ന് പറയുന്നതാണോ വിജയം? കേരള്‍സിന്റെ പരസ്യം പോയി എന്ന് പറഞ്ഞവര്‍ ആ സൈറ്റ് പിന്നീട് കണ്ടോ? അവിടെ പരസ്യങ്ങള്‍ പഴയതു പോലെ തന്നെ ഉണ്ട്.

കേസ് കൊടുത്തു എന്നൊക്കെ പറഞ്ഞിരുന്ന ഇഞ്ചിപ്പെണ്ണ് ആ കന്യാസ്ത്രീയുടെ പുറകെ പോയി. ഇപ്പോള്‍ കേസിനെ പറ്റി ചൊദിച്ചാല്‍ "പോ മോനെ പ്രതിഷേധ പൊസ്റ്റ് ഇട്ടയാളാണെങ്കില്‍ മറുപടി പറയാം " എന്നാവും മറുപടി. പഴയ അനുഭവം വച്ച് അതറിയാവുന്നത് കൊണ്ട് ആ ചോദ്യം ചോദിക്കുന്നില്ല.

കരി തേച്ച ബ്ലോഗുകള്‍ എല്ലാം വീണ്ടും വെളുത്തു. രാത്രി മാറി പകല്‍ എത്തി. കേസ് കൊടുത്തു എന്ന് പറഞ്ഞ് നിര്‍ത്തിയ ഇഞ്ചിപ്പെണ്ണ് അതിന്റെ ഇപ്പോഴത്തെ അവസ്ഥ എന്തായി എന്ന് ഒരു ക്ലൂ തന്നാല്‍ ഉപകാരമായി. വിശദമായി പറയണം എന്ന് പറയുന്നില്ല. കാരണം "അമേരിക്കന്‍ പോലീസ്" അന്വേഷിക്കുന്ന കേസ് അല്ലേ? വിവരങ്ങള്‍ വെളിയില്‍ പറയണ്ട.

പ്രതിഷേധിച്ചവരുടെ ലിസ്റ്റ് ഉണ്ടാക്കാനും പ്രതിഷേധിക്കാത്തവരെ ചീത്ത വിളിക്കാനും ചിലര്‍ക്കൊക്കെ എന്തൊരു ചടുലത ആയിരുന്നു? നന്ദുവിന്റേയും, അന്യന്റേയും, ബെര്‍ളിയുടേയും (1) , (2) പോസ്റ്റുകള്‍ നോക്കിയാല്‍ അറിയാം. എന്നിട്ട്, ഒരു മാസം തികഞ്ഞിട്ടും ഒരു അനക്കവും കാണുന്നില്ലല്ലോ. അതില്‍ ഇവര്‍ക്കൊന്നും ഒന്നും പറയാന്‍ ഇല്ലേ? ഇഞ്ചിപ്പെണ്ണ് വീണ്ടും ഗോള്‍ അടിച്ചു .. അത്ര തന്നെ. അടുത്ത വര്‍ഷം ഒരു വാര്‍ഷിക പോസ്റ്റിനും കൂടെ വകയായി. "കരിവാര വാര്‍ഷിക പോസ്റ്റ്."

ഞാന്‍ അത് ചെയ്തു നിങ്ങള്‍ എന്തേ ചെയ്തില്ല എന്ന് ചൊദിക്കുന്നവരും തങ്ങള്‍ ചെയ്തത് സമരത്തിന്റെ ഒരു ആധുനിക മുഖം ആണെന്നും ഒക്കെ പറയുന്നവര്‍ തന്നെ "ബ്ലോഗില്‍ വ്യക്തികള്‍ ഇല്ല, ബന്ധങ്ങള്‍ ഇല്ല, പേരില്ല, നാടില്ല, ബ്ലോഗ് ഒരു പ്രതീകം മാത്രമാണ്" എന്നൊക്കെ പലയിടത്തും പറയുന്നത് കേട്ടിട്ടുണ്ട്.

കരിവാരത്തില്‍ പങ്കെടുത്ത ബൂലോകത്തിലെ 'കൊച്ചു കുട്ടികളെ' അതിന്റെ പരിണിത ഫലം എന്തെന്ന് അറിയിക്കാന്‍ ഇതിന്റെ പുറകില്‍ ഉള്ളവര്‍ക്കും വലിയവര്‍ക്കും ബാധ്യത ഇല്ലേ.. അതോ 'എല്ലാവരും കറുപ്പിച്ചു, ഞാനും കറുപ്പിച്ചു' എന്ന പോലെ ഒരു ഫാഷന്‍ പരേഡ് ആയിരുന്നോ കഴിഞ്ഞ കരിവാരം? കറുപ്പിച്ചവര്‍ ചോദിക്കേണ്ട ചോദ്യങ്ങള്‍ ആണ് ഞാന്‍ മുകളില്‍ ചോദിച്ചത്. അല്ലെങ്കിലും എന്തറിഞ്ഞിട്ടാ ജനാധിപത്യത്തില്‍ "അണികള്‍" കീ..ജെയ് വിളിക്കുന്നത് അല്ലേ? രണ്ടോ മൂന്നോ പേര്‍ വിചാരിച്ചാല്‍ ബന്ദ് നടത്താന്‍ പറ്റും ..പിന്നല്ലേ ഒരു കരിവാരം. ബൂലോകവും അങ്ങനെ ജനാധിപത്യ ഇന്ത്യയുടെ മറ്റൊരു പതിപ്പ് ആയി മാറി.


ബ്ലൊഗര്‍മാര്‍ പ്രതിഷേധമറിയിച്ചപ്പോള്‍ തങ്ങളുടെ മലയാളം സെക്ഷന്‍ അടച്ച് വച്ച കേരള്‍സ് ആണ് മാന്യത കാണിച്ചത് എന്ന് തോന്നുന്നു. കാരണം "ആരും" ഒരു ലീഗല്‍ നോട്ടീസ് പോലും അവര്‍ക്ക് അയച്ചു എന്ന് എനിക്ക് തോന്നുന്നില്ല. എന്നിട്ടും അവര്‍ അത് അടച്ചില്ലേ? ഇപ്പോഴും കേരള്‍സ് ചെയ്തതിനെയും ബ്ലോഗറെ ചീത്ത വിളിച്ചതിനെയും ഞാന്‍ എതിര്‍ക്കുന്നു. അവരെ ഞാന്‍ ഒരു കാലത്തും സപ്പോര്‍ട്ട് ചെയ്യുകയില്ല. ഈ പോസ്റ്റ് ബൂലോകത്തെ പറ്റിയും പ്രതിഷേധ സമരത്തെ പറ്റിയും മാത്രമാണ് പ്രതിപാദിക്കുന്നത് .

സൂര്യഗായത്രിയുടെ വൈകിയുള്ള ഈ പ്രതിഷേധകുറിപ്പ് എനിക്ക് ഇങ്ങനെ ഒരു പോസ്റ്റ് ഇടാന്‍ കാരണമായി. നന്ദി

10 comments:

മൃദുല്‍രാജ് said...

കരിവാരത്തില്‍ പങ്കെടുത്ത ബൂലോകത്തിലെ 'കൊച്ചു കുട്ടികളെ' അതിന്റെ പരിണിത ഫലം എന്തെന്ന് അറിയിക്കാന്‍ ഇതിന്റെ പുറകില്‍ ഉള്ളവര്‍ക്കും വലിയവര്‍ക്കും ബാധ്യത ഇല്ലേ.. അതോ 'എല്ലാവരും കറുപ്പിച്ചു, ഞാനും കറുപ്പിച്ചു' എന്ന പോലെ ഒരു ഫാഷന്‍ പരേഡ് ആയിരുന്നോ കഴിഞ്ഞ കരിവാരം? കറുപ്പിച്ചവര്‍ ചോദിക്കേണ്ട ചോദ്യങ്ങള്‍ ആണ് ഞാന്‍ മുകളില്‍ ചോദിച്ചത്. അല്ലെങ്കിലും എന്തറിഞ്ഞിട്ടാ ജനാധിപത്യത്തില്‍ "അണികള്‍" കീ..ജെയ് വിളിക്കുന്നത് അല്ലേ? രണ്ടോ മൂന്നോ പേര്‍ വിചാരിച്ചാല്‍ ബന്ദ് നടത്താന്‍ പറ്റും ..പിന്നല്ലേ ഒരു കരിവാരം. ബൂലോകവും അങ്ങനെ ജനാധിപത്യ ഇന്ത്യയുടെ മറ്റൊരു പതിപ്പ് ആയി മാറി.

നന്ദു said...

മൃദുൽ രാജ്,
പലരും മറന്നു തുടങ്ങിയ ആ വിഷയത്തിന്മേൽ ഒരു ഫോളോ-അപ് നടത്തിയതിന്
ആദ്യമേ നന്ദി പറയുന്നു. എന്തായി എന്നു ചോദിക്കാൻ എനിക്കും അവകാശമില്ല
കാരണം ഞാനവരുടെ കൂടെയണി ചേർന്നിരുന്നില്ലല്ലോ?. പക്ഷെ എങ്കിലും
താങ്കൾ പറഞ്ഞതുപോലെ അതിന്റെ പരിണിത ഫലം അറിയാൻ ആകാംക്ഷയുണ്ട്.

മാദ്ധ്യമങ്ങളെ നോക്കൂ, ഇന്നൊരു വിഷയം കിട്ടിയാൽ രണ്ട് ദിവസം രാപ്പകൽ
അത് ശരിക്കും “ആഘോഷിക്കും”, “ചാനൽ ഇമ്പാക്റ്റ്” ആയും “എക്സൂസീവ് “ ആയും
കൊണ്ടാടും. പിന്നെ മറ്റൊരു വിഷയം ലഭിക്കും അതിനു പിറകെ പോകും.
സന്തോഷ് മാധവനെ കിട്ടിയപ്പോൾ ചാനലായ ചാനലുകളൂം പത്രങ്ങളും ബ്ലോഗുകളും
കുറെ നാൾ അതിനൊപ്പം ആയിരുന്നു. അതുകഴിഞ്ഞ് കന്യാസ്ത്രീ പ്രശ്നം (എല്ലാചാനലുകൾ
ഇല്ലെങ്കിലും ചിലരെങ്കിലും) അതു മുതലാക്കി, പെൺകുട്ടിയെ പീഡിപ്പിച്ച് കൊലപ്പെടു
ത്തിയത് അടുത്ത് കിട്ടി. അങ്ങിനെ ഓരൊന്നായി ആഘോഷിക്കാൻ അവർക്ക്
ലഭിച്ചുകൊണ്ടെയിരിക്കും. ബൂലോകവും അതിൽ നിന്നും വ്യത്യസ്ഥമല്ല മൃദുൽ രാജ്.

മൃദുല്‍രാജ് said...

കരി തേച്ച ബ്ലോഗുകള്‍ എല്ലാം വീണ്ടും വെളുത്തു. രാത്രി മാറി പകല്‍ എത്തി. കേസ് കൊടുത്തു എന്ന് പറഞ്ഞ് നിര്‍ത്തിയ ഇഞ്ചിപ്പെണ്ണ് അതിന്റെ ഇപ്പോഴത്തെ അവസ്ഥ എന്തായി എന്ന് ഒരു ക്ലൂ തന്നാല്‍ ഉപകാരമായി. വിശദമായി പറയണം എന്ന് പറയുന്നില്ല. കാരണം "അമേരിക്കന്‍ പോലീസ്" അന്വേഷിക്കുന്ന കേസ് അല്ലേ? വിവരങ്ങള്‍ വെളിയില്‍ പറയണ്ട.

Joker said...

ഈ ബൂലോകത്തില്‍ ഉള്ളതില്‍ വെച്ച് വകതിരിവുള്ള എണ്ണം കുറവാണ് എന്ന് തന്നെ പറയാം.ഞാന്‍ പേര് എടുത്തു പറയുന്നില്ല (പറഞ്ഞാല്‍ അമേരിക്കന്‍ പോലിസ് എടുക്കുകയും ചിലപ്പോള്‍ ഗ്വണ്ടാനാമോ ജയിലില്‍ തള്ളുകയും ചെയ്യും).ഇപ്പറഞ്ഞ പെണ്ണൂങ്ങളുടെ ഉദ്ദേശം ബ്ലോഗ് ഹിറ്റ് അല്ലാതെ മറ്റൊന്നുമല്ല.ഈ പറഞ്ഞ പെണ്‍ പേരുകളെല്ലാം നാ‍ലാളറിയുക വിവാദവുമായി ബന്ധപ്പെട്ടായിരിക്കും.

എങ്കിലും ഈ നാണം കെട്ട കരിവാരാചാരണത്തില്‍ നിന്ന് വിട്ടു നിന്ന് വ്യക്തമായ നിലപാടുകള്‍ സ്വീകരിച്ച താങ്കള്‍ ശ്രീ.നന്ദു,ബെറ്ലി,ചിത്രകാരന്‍ തുടങ്ങിയവര്‍ അക്ഷരാര്‍ഥത്തില്‍ ബ്ലോഗിംഗിന്റെ യഥാര്‍ത്ത പ്രതികരണം ആണ് കാണിച്ചത്.

അഭിവാദ്യങ്ങള്‍

അനില്‍ശ്രീ... said...

ഞാന്‍ എന്റെ പോസ്റ്റ് എടുത്തു കളഞ്ഞു എന്ന് പറഞ്ഞ് എന്നെയും ചീത്ത പറഞ്ഞവര്‍ ഉണ്ട്.
അതിന്റെ മറുപടി ഞാന്‍ നന്ദുവിന്റെ പോസ്റ്റില്‍ പറഞ്ഞത് ഇതു പോലെ ആണ് ;

"പിന്നെ പോസ്റ്റ് പിന്‍‌വലിച്ചതില്‍ എനിക്കിപ്പോള്‍ ഒരു കുറ്റബോധവും ഇല്ല. കാരണം ഞാന്‍ പറഞ്ഞിട്ടുണ്ട്. എല്ലാവരേയും അറിയിക്കുക എന്നത് മാത്രമായിരുന്നു ലക്ഷ്യം. എന്നിട്ട് ഈ പറയുന്ന ആരും ഒരു കോപ്പും ചെയ്തതായി എനിക്കറിയില്ല. സജിയും അത് തന്നെയാണ് പറയുന്നത് എന്ന് തോന്നുന്നു. ഇപ്പോള്‍ പ്രശ്നം ഇഞ്ചിയെ 'ഹറാസ്' ചെയ്തു എന്നത് മാത്രമാണ്.

ഞാന്‍ അന്ന് ലിസ്റ്റ് ചെയ്തിരുന്നു എത്ര പോസ്റ്റുകള്‍ കോപ്പി ചെയ്തിരുന്നു എന്ന്. (400 ലേഖനങ്ങളും, 275 കവിതകളും). എന്നിട്ട് ഇതില്‍ എത്ര പേര്‍, (അനോണി പറഞ്ഞ പോലെ ആണെങ്കില്‍, മുട്ടു വിറക്കാത്തവര്‍) ഒരു യാഥാര്‍ത്ഥ പരാതി (അഭിഭാഷകന്‍ മുഖേന) കൊടുത്തു എന്ന് അറിഞ്ഞാല്‍ കൊള്ളാം. ചുമ്മാ കിടന്ന് ഇവിടെ പ്രതിഷേധിച്ചത് കൊണ്ട് ആര്‍ക്ക് എന്ത് ഗുണം? "


അത് തന്നെ ഞാന്‍ ഇപ്പോഴും ചോദിക്കുന്നു.

(അതു പോലെ ഒരു കാര്യം കൂടി, പോസ്റ്റ് ഇട്ടവര്‍ മാത്രമേ ഈ കോപ്പി ചെയ്തതിനെ എതിര്‍ക്കുന്നുള്ളൂ എന്നാണോ പോസ്റ്റ് ഇട്ടവരുടേയും കരിവാരം ആചരിക്കുന്നവരുടേയും വിചാരം. അങ്ങനെ ഒന്നുമല്ല കേട്ടോ.)

Umesh::ഉമേഷ് said...

ഇഞ്ചിപ്പെണ്ണു് കരിവാരം ആചരിച്ചില്ല. ബ്ലോഗ് കറുപ്പിച്ചും ഇല്ല. അതു തുടങ്ങിയതു രാജും രാം മോഹനും ഡാലിയും ഒക്കെയാണു്. കുറേ ബ്ലോഗേഴ്സ് പ്രതിഷേധം രേഖപ്പെടുത്തുന്നതും ഇഞ്ചിപ്പെണ്ണോ മറ്റാരെങ്കിലുമോ കേസ് കൊടുക്കുന്നതോ ആയി ബന്ധമില്ല.

പിന്നെ, കോപ്പിറൈറ്റ് ലംഘനത്തിനെ എതിര്‍ക്കാന്‍ വേണ്ടി മാത്രമല്ല കുറേ ബ്ലോഗേഴ്സ് ബ്ലോഗ് കറുപ്പിച്ചു പ്രതിഷേധിച്ചതു്. അതു ചോദിച്ചവരോടു് വൃത്തികെട്ട ഭാഷയില്‍ പ്രതികരിച്ചതിനാണു്. ഈ കറുപ്പിക്കല്‍ കൊണ്ടു് നിയമപരമായോ അല്ലാതെയോ എന്തെങ്കിലും പ്രയോജനം ഉണ്ടാകും എന്നു് ആരും ഉദ്ദേശിച്ചിട്ടുമില്ല. ചെറ്റത്തരം കാണിച്ച മന്ത്രി ഉദ്ഘാടനത്തിനു വരുമ്പോള്‍ കരിങ്കൊടി കാണിച്ചു് പ്രതിഷേധിക്കില്ലേ? അതു പോലെ.

ഇഞ്ചിപ്പെണ്ണു് കേസു കൊടുക്കുന്നെങ്കില്‍ കൊടുക്കട്ടേ. അതു് അവരുടെ കാര്യം. അതിലെ ഓരോ വിവരവും ബ്ലോഗില്‍ പരസ്യപ്പെടുത്തണോ വേണ്ടയോ എന്നതു് അവരുടെ ഇഷ്ടം. ഈ കേസില്‍ മറ്റു ബ്ലോഗേഴ്സ് കക്ഷി ചേരുന്നില്ല എന്നതു ശ്രദ്ധിക്കുക. ഇഞ്ചിപ്പെണ്ണു മാത്രമല്ല, തുളസി തുടങ്ങിയവരും അവനവന്റെ വഴിയേ പോകുന്നുണ്ടു്.

പ്രതിഷേധിച്ചവര്‍ എല്ലാവരും ഒരേ രീതിയിലല്ല പ്രതിഷേധിച്ചതു്. ചിലര്‍ ബ്ലോഗ് ടെമ്പ്ലേറ്റു മൊത്തം മാറ്റി കറുപ്പാക്കി. ചിലര്‍ ഒരു പോസ്റ്റു മാത്രം കറുപ്പാക്കി. ചിലര്‍ കറുത്ത ഒരു ചിത്രം ഉള്‍ക്കൊള്ളിച്ചുകൊണ്ടു പോസ്റ്റിട്ടു. ചിലര്‍ കറുപ്പു് ഉപയോഗിക്കാതെ തന്നെ പോസ്റ്റിട്ടു. ഇവരില്‍ ആദ്യത്തെ വിഭാഗക്കാരാണു് കറുപ്പു് ഒരാഴ്ച കഴിഞ്ഞപ്പോള്‍ എടുത്തുമാറ്റിയതു്. (അല്ലാ, ഒരിക്കല്‍ കരിങ്കൊടി പിടിച്ചവന്‍ ആജീവനാന്തം അതു മുതുകില്‍ വെച്ചുകെട്ടി നടക്കണോ?) ബാക്കിയുള്ളവര്‍ ഒന്നും ചെയ്തിട്ടില്ല. ഉദാഹരണത്തിനു് എന്റെ കറുത്ത പോസ്റ്റ് ഇപ്പോഴും അവിടെയുണ്ടു്.

സദ്ദാം ഹുസൈനെ കൊന്നപ്പോഴും ഇന്ത്യക്കാരെ തീറ്റിപ്പണ്ടാരങ്ങളെന്നു വിളിച്ചപ്പോഴും ബുഷിനെതിരേ പലരും പ്രതിഷേധിച്ചു. എന്തിനു്? ബുഷ് അതു് അറിഞ്ഞിട്ടുതന്നെ ഉണ്ടാവില്ല. എയിഡ്സിനെതിരേ കൂട്ടയോട്ടം നടത്തിയാല്‍ രോഗികളുടെ എയിഡ്സു മാറുമോ? ഇത്തരം പ്രതിഷേധങ്ങളുടെയും ആക്ടിവിസത്തിന്റെയും ഉദ്ദേശ്യം ജനത്തിനെ ഇതിനെപ്പറ്റി അറിയിക്കുകയാണു്. കരിങ്കൊടി കാണിച്ചില്ലെങ്കില്‍ മന്ത്രിയുടെ ചെറ്റത്തരം ആരും അറിഞ്ഞില്ലെന്നിരിക്കും.

പ്രതിഷേധത്തിന്റെ മനശ്ശാസ്ത്രത്തെപ്പറ്റിയും സാമൂഹികപ്രസക്തിയെപ്പറ്റിയും അഞ്ചല്‍ക്കാരന്‍ ഒരു പോസ്റ്റ് ഇട്ടിരുന്നു. അദ്ദേഹം പറഞ്ഞതില്‍ കൂടുതല്‍ എനിക്കൊന്നും പറയാനില്ല.

നിയമനടപടി തികച്ചും വേറേ കാര്യം. ആ വഴിയ്ക്കു പോകാന്‍ നവാബ് രാജേന്ദ്രനെപ്പോലെ വളരെക്കുറച്ചു പേരേ നമുക്കുണ്ടായിരുന്നുള്ളൂ. ഇഞ്ചിപ്പെണ്ണിനും തുളസിക്കും കണ്ണൂസ്സിനുമൊക്കെ അതിനു സമയവും ധൈര്യവും സാവകാശവുമുണ്ടെങ്കില്‍ ചെയ്യട്ടേ. അതിനു ഫലം കിട്ടിയെന്നറിഞ്ഞാല്‍ നമുക്കു സന്തോഷിക്കാം. അത്ര മാത്രം.

മൃദുല്‍രാജ് said...

ഉമേഷ് ഭായ്. ഇതു തന്നെയാണ് പ്രശ്നം. ഇതിന്റെ പരിണിത ഫലം എന്ത് എന്ന് മാത്രമേ ചോദിച്ചുള്ളൂ. അത് അറിയാന്‍ ഇതില്‍ പങ്കെടുത്തവര്‍ക്കും ആഗ്രഹമില്ല എന്നാണോ അതോ അവകാശം ഇല്ല എന്നോ, എന്താണ് ഉദ്ദേശിച്ചത്?

അഞ്ചല്‍ക്കാരന്‍ പറഞ്ഞത് ഇവിടെ എല്ലാവരും വായിച്ചതാണല്ലോ. സദ്ദാമിന്റെ ഉദാഹരണം അവിടെയും കണ്ടിരുന്നു. പക്ഷേ അതല്ല ഇവിടെ നടന്നത് എന്ന് തോന്നുന്നു. ചീത്ത വിളിച്ചതിനെ പറ്റി പൊസ്റ്റുകളും അപ്‌ഡേറ്റുകളും ഇട്ടിരുന്നവര്‍ അതിന് കമന്റ് ഇട്ടിരുന്നവരെ കൂടി ഓര്‍ക്കണ്ടേ? കമന്റുകള്‍ വരുന്നത് അനുസരിച്ച് അപ്‌ഡേറ്റുകള്‍ വരുകയായിരുന്നല്ലോ ചെയ്തു കൊണ്ടിരുന്നത്. ഇപ്പോള്‍ ഒന്നും കാണുന്നില്ല.

അപ്പോള്‍ ബ്ലോഗ് എന്നത് "വിര്‍ച്വല്‍" അല്ലേ, അതോ ആണോ? ബുഷിനെതിരെ ബ്ലോഗില്‍ സ്വയം പ്രതികരിക്കുന്നതും, ബ്ലോഗില്‍ കരിവാരം ആചരിക്കുന്നതും ഒരേ നുകത്തിലെ രണ്ട് കാളകളെ പോലെ ആണോ?

പ്രതിഷേധം രേഖപ്പെടുത്തുന്നത് നല്ലത് തന്നെ. തന്റെ ആത്മരോഷം ആണ് അതില്‍ കൂടി വെളിപ്പെടുത്തുന്നത് എന്ന് പറയാം. പക്ഷേ അതിന്റെ കാരണങ്ങള്‍ കൂടി അറിഞ്ഞിരിക്കുന്നത് നല്ലതല്ലേ? ഇതാണ് ഞാന്‍ പറഞ്ഞത് "അല്ലെങ്കിലും എന്തറിഞ്ഞിട്ടാ ജനാധിപത്യത്തില്‍ "അണികള്‍" കീ..ജെയ് വിളിക്കുന്നത് ? രണ്ടോ മൂന്നോ പേര്‍ വിചാരിച്ചാല്‍ ബന്ദ് നടത്താന്‍ പറ്റും ..പിന്നല്ലേ ഒരു കരിവാരം. ബൂലോകവും അങ്ങനെ ജനാധിപത്യ ഇന്ത്യയുടെ മറ്റൊരു പതിപ്പ് ആയി മാറി" എന്ന്.

പിന്നെ ഇതിന്റെ തുടക്കം മുതല്‍ ഉള്ള കഥകള്‍ നോക്കിയാല്‍ അന്നത്തെ ആവേശം ഒക്കെ പോയി എന്ന് മനസ്സിലായതു കൊണ്ടാണ് ഈ പോസ്റ്റ് ഇവിടെ ഇട്ടത് തന്നെ. അന്നൊക്കെ പലരും എന്തൊക്കെ വീരവാദം ആണ് മുഴക്കിയിരുന്നത്. പോലീസ് എന്നും കോടതി എന്നും സൈബര്‍ സെല്‍ എന്നും ഒക്കെ പല പൊസ്റ്റുകളിലും കണ്ടിരുന്നു. ഇപ്പോള്‍ അതിന്റെ പരിണിത ഫലം എന്തെന്ന് ചോദിക്കാന്‍ ആരും ശുഷ്കാന്തി കാണിക്കുന്നില്ല. അത് ഒന്നു അറിയണം. അത്രയേ ഞാന്‍ ഈ പോസ്റ്റ് കൊണ്ട് ഉദ്ദേശിച്ചുള്ളൂ. അത് ആര്‍ക്കും പറയാന്‍ പറ്റുന്നില്ല, അല്ലെങ്കില്‍ സാധിക്കുന്നില്ല എങ്കില്‍ എനിക്ക് ഒന്നും പറയാനില്ലേ,,,,,,

മിന്നാമിനുങ്ങുകള്‍ //സജി.!! said...

ഫാഷന്‍ പരേഡ് കഴിഞ്ഞവര്‍ ഇനി വരില്ല കാരണം അടുത്ത സംഗതി കിട്ടീല്ലെ.. കന്യാസ്തീ...ഈ പറയുന്ന ഞാന്‍ മണ്ടനായി അവസാനം കാരണം എനിക്കെതിരേയും വന്നു പോസ്റ്റുകള്‍ ബെസ്റ്റ് കണ്ണാ ബെസ്റ്റ് അവിടെകിടന്ന് അലമുറിയ ഒരാള്‍ പോലും ലീഗലായൊ അല്ലെങ്കില്‍ അവര്‍ക്കെതിരെ മെയിലൊ പോലും ചെയ്യാന്‍ തയാറാകാത്തവരാണ്.
കൂടുതല്‍ എഴുതുന്നില്ല മാഷെ വയ്യ മതിയായി ..അതാ..

മൃദുല്‍രാജ് said...

ഇന്നാണ് തിരികെ വന്നത്,,,, ഈ പോസ്റ്റ് ഒരു മറുപടി പ്രതിക്ഷിച്ച് ഇട്ടതല്ല സജി.. എനിക്കറിയാം ഇത് വായിക്കുന്നവര്‍ പലരും മറുപടി പറയില്ല എന്ന്. കാരണം കരിവാരം 'ആഘോഷിക്കുമ്പോള്‍" തന്നെ ഇത് കൊണ്ട് തീരുന്ന ഒരു വെടിക്കെട്ട് ആണിതെന്ന് തോന്നിയിരുന്നു. ഒരു വളിപ്പ് കമന്റില്‍ ഒതുക്കിയെന്നോ മറ്റോ സജിയേ പറ്റി രാജിന്റേതായി ഒരു കമന്റ് കണ്ടിരുന്നു. ഇവരൊക്കെ എന്നിട്ട് എന്താ ചെയ്തത് എന്ന് മാത്രമേ ഞാന്‍ ഈ പോസ്റ്റില്‍ ചോദിച്ചുള്ളു. പലരും ഈ പൊസ്റ്റ് കണ്ടു എന്ന് അറിയാം.. പക്ഷേ ആരും പ്രതികരിക്കുന്നില്ല എന്ന് മാത്രം,

പത്തും ഇരുപതും പോസ്റ്റുകള്‍ അടിച്ച് മാറ്റിയേ , ഞാന്‍ ഇപ്പോള്‍ പോലീസില്‍ പോകുമേ എന്നൊക്കെ പറഞ്ഞവര്‍ പോകില്ല എന്ന് അറിയാമായിരുന്നു. കാരണം അതിന്റെ ഒക്കെ പുറകെ പോകാന്‍ ആര്‍ക്കും താല്പര്യം കാണില്ല എന്ന് ഏത് പട്ടിക്കുറുക്കനും (ഞാന്‍ ഉള്‍പ്പെടെ) അറിയാവുന്ന കാര്യമാ,,, പക്ഷേ ഇഞ്ചിപ്പെണ്ണ് പോകും എന്ന്‍ വിശ്വസിച്ചത് നൂറ്റമ്പതിന് മേലെ ആള്‍ക്കാര്‍ ആയിരുന്നു. അവരൊക്കെ ചോദിക്കേണ്ട ചോദ്യം അല്ലേ ഞാന്‍ ചോദിച്ചത്. ആണെന്നാണ് ഞാന്‍ കരുതുന്നത്. അത്രയേ ഉള്ളു.

മൃദുല്‍രാജ് said...

സജിയുടെ പോസ്റ്റ് വന്നിട്ട് 2 മാസം തികഞ്ഞു. ആരൊക്കെ കേരള്‍സിന് എതിരേ കേസ് കൊടുത്തു? ആരും ഒന്നും പറഞ്ഞ് കേട്ടില്ല. എന്തൊക്കെ ബഹളമായിരുന്നു. കരിവാരം നടത്തിയിട്ട് എന്തു നേടി? പ്രതിഷേധം ആരൊക്കെ അറിഞ്ഞു? ബ്ലോഗ് എഴുതുന്നവരും വായിക്കുന്നവരുമായ കുറേ ആളുകള്‍. ചില വെബ് പോര്‍ട്ടലുകളില്‍ വാര്‍ത്ത വന്നു എന്ന് പറയുന്നതാണോ വിജയം? കേരള്‍സിന്റെ പരസ്യം പോയി എന്ന് പറഞ്ഞവര്‍ ആ സൈറ്റ് പിന്നീട് കണ്ടോ? അവിടെ പരസ്യങ്ങള്‍ പഴയതു പോലെ തന്നെ ഉണ്ട്.